തെക്കൻ  ജില്ലകളില്‍ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത

തെക്കൻ ജില്ലകളില്‍ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത

October 16, 2021 0 By Editor

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെമ്ബകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി – ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച്‌ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയില്‍ രാവിലെ മുതലാണ് മഴ കനത്തത്.

കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ്. തെന്മല ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. എറണാകുളത്തും മഴ തുടരുകയാണ്. മലയോര മേഖലയില്‍ ശക്തമായ മഴയാണ്. മണ്ണിടിച്ചിലിന് സാധ്യത ഉള്ള നേര്യമംഗലം, വെളിയച്ചാല്‍, 600 ഏക്കര്‍ പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ വണ്‍വേയില്‍ വെള്ളക്കെട്ടുണ്ട്. കാലടി ടൗണില്‍ കനത്ത വെള്ളക്കെട്ടാണ്. കടകളിലേക്കും വീടുകളിലേക്കും വെളളം കയറി. കടകള്‍ പലതും അടച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിലവില്‍ കാര്യമായ മഴയില്ല.