കനത്ത മഴ: 14 മരണം, ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാൻ വിലക്ക്

കനത്ത മഴ: 14 മരണം, ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാൻ വിലക്ക്

November 11, 2021 0 By Editor

ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14 പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിൽ എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഉച്ചയ്ക്ക് 1.15 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾ പുറപ്പെടുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. തമിഴ്നാട്ടിലെ ആറ് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ചെന്നൈ, ചെങ്കൽപട്ടു, തിരുവല്ലൂർ, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ അല്ലാതെ ആരും വീടുവിട്ട് പുറത്തുപോകരുതെന്ന് ഗ്രേറ്റർ ചെന്നൈ കമ്മീഷണർ ഗഗൻദീപ് സിങ് ബേദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.