ദത്ത് വിവാദം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതായി പി.കെ.ശ്രീമതയുടെ ശബ്ദരേഖ
തിരുവനന്തപുരം∙ ദത്ത് വിവാദം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ ശബ്ദരേഖ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രധാനനേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയില്‍. അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും ശ്രീമതി പറയുന്നു.
ദത്ത് വിവാദം മാധ്യമവാര്‍ത്തയാകുന്നതിന് മുന്‍പ്, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ.ശ്രീമതിയുടെ സഹായം തേടുന്നത്. സെപ്റ്റംബറിൽ നടന്ന ഒരു ഫോണ്‍ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃതമായി ദത്ത് നല്‍കിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി മാത്രമല്ല, കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളോടെല്ലാം സംസാരിച്ച് പരാതി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്തെന്നുമാണ് ശ്രീമതി വ്യക്തമാക്കുന്നത്. പക്ഷേ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. ദത്ത് വിവാദം മാധ്യമ വാര്‍ത്തയായപ്പോള്‍ ശ്രദ്ധയില്‍പെട്ടെന്നും അതോടെ അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അത് തെറ്റാണന്നും അതിനും ദിവസങ്ങള്‍ക്ക് മുന്‍പേ മുഖ്യമന്ത്രി വരെ അറിഞ്ഞിരുന്നുവെന്നുമാണ് ശബ്ദരേഖ തെളിയിക്കുന്നത്.