നിലവിളക്ക് തെളിയിക്കാൻ പാടില്ല,വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു
കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹം കിളിമാനൂര്‍ പുള്ളിമാത്ത് സ്വദേശിയുമായി നരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. എന്നാൽ വിവാഹ വേദിയില്‍ വച്ച് നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തി. ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.