സൗദിയിലും ഒമിക്രോൺ; ആദ്യ കേസ് സ്ഥിരീകരിച്ചു

സൗദിയിലും ഒമിക്രോൺ; ആദ്യ കേസ് സ്ഥിരീകരിച്ചു

December 1, 2021 0 By Editor

അതീവ അപകടകാരിയായ പുതിയ കൊറോണ വകഭേദം ഒമിക്രോൺ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നും രോഗിയെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിലക്കിയിരുന്നില്ല. 35 ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യമാണ് സൗദി. ഇവിടെ 47 ദശലക്ഷത്തോളം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

ആദ്യമായി ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പിന്നീട് ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേൽ, ബെൽജിയം എന്നിവിടങ്ങളിൽ 72 മണിക്കൂറിനകം ഒമിക്രോൺ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ യൂറോപ്പിലും ജപ്പാനിലും ജർമനിയിലും ഒമിക്രോൺ രോഗ ബാധിതരുള്ളതായി സ്ഥിരീകരിച്ചു. നെതർലാൻഡിൽസിലും ഇറ്റലിയിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്നും അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇിതിനിടെയാണ് ഗൾഫ് രാജ്യമായ സൗദിയിലും ആദ്യമായി ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടത്.