
യുവാവിനെ വെട്ടിവീഴ്‌ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
December 20, 2021തിരുവനന്തപുരം : പോത്തൻകോട് യുവാവിനെ വെട്ടിവീഴ്‌ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് എന്ന ഒട്ടകം രാജേഷ് ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾ തമിഴ്‌നാട്ടിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി അവിടെയെത്തിയ സംഘം രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാജേഷിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് സംഭവ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് പോലീസുകാരൻ മുങ്ങിമരിച്ചത്. രാജേഷ് കടയ്‌ക്കാവൂരിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. രാജേഷ് കൂടി അറസ്റ്റിലായതോടെ സംഭവത്തിൽ ആകെ പിടിയിലായവരുടെ എണ്ണം 11 ആയി.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
പോത്തൻകോട് സ്വദേശി സുധീഷിനെയാണ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സുധീഷിനെ അവിടെയെത്തി വെട്ടുകയായിരുന്നു. തുടർന്ന് കാൽവെട്ടിമാറ്റി റോഡിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.