രാജ്യത്ത് അതിതീവ്ര വ്യാപനം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയില്‍ 90,928 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6.43 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒറ്റ ദിവസം കൊണ്ട് 55% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 58,097 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി ഉയര്‍ന്നു. 19,206 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തതെന്നും 68.53 കോടി കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായും മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 26,538 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 14,022 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലും കേസുകള്‍ ഇരട്ടിയോളം വര്‍ധിച്ചു. 10,665 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12ന് ശേഷമുള്ള ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.