പങ്കാളികളെ പരസ്പരം കൈമാറല്‍; റാക്കറ്റുകൾ കേരളത്തിലും സജീവം
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന റാക്കറ്റുകൾ കേരളത്തിലും സജീവമാകുന്നു. പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഇത്തരം സംഘങ്ങളിൽ നിരവധി പേരുണ്ടെന്നാണ് സൂചന 'കപ്പിള്‍ ഷെയറിങ്' എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. കറുകച്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പിടികൂടിയത്. ഇവരില്‍നിന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളില്‍ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പങ്കാളികളെ കൈമാറുന്നവര്‍ക്ക് പണം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നായി ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവായ കറുകച്ചാല്‍ പത്തനാട് സ്വദേശിയും ഇതിലുള്‍പ്പെടും. വലിയ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകള്‍ക്ക് പിന്നിലുള്ളതെന്നും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പോലീസ് പറയുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാല്‍ സംഭവം അതീവഗൗരവതരമായാണ് പോലീസ് കാണുന്നത്. അതിനാല്‍തന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന് താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്. കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ വരുമ്പോള്‍ മാത്രമേ പോലീസിന് അന്വേഷണം നടത്താനാകൂ. ഇതില്‍ ഉള്‍പ്പെട്ട പലരും പരസ്പര സമ്മതത്തോടെയാണ് ഇതിന് തയ്യാറാകുന്നതെന്നും പോലീസ് പറയുന്നു