ഈശ്വരനെ ഓർത്ത് ജഡ്ജി വിധിച്ചു; 10 വയസ്സുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാം

ഈശ്വരനെ ഓർത്ത് ജഡ്ജി വിധിച്ചു; 10 വയസ്സുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാം

March 11, 2022 0 By Editor

കൊച്ചി: സ്വന്തം പിതാവു ഗർഭിണിയാക്കിയ പത്തുവയസ്സുകാരിക്കു ഗർഭഛിദ്രം നടത്താൻ അനുമതി തേടി മാതാവ് നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. പത്തുവയസ്സു മാത്രമുള്ള പെൺകുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ സങ്കീർണതകളും കോടതി പരിഗണിച്ചു.

ഗർഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. കുഞ്ഞ് രക്ഷപ്പെടാൻ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരം വേണ്ടതു ചെയ്യാൻ പെൺകുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് കോടതി അനുമതി നൽകി. മറ്റു സ്പെഷലിസ്റ്റുകളിൽനിന്ന് വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസസ് ഡയറക്ടർക്ക് അപേക്ഷ നൽകാം. ഡയറക്ടർ ആവശ്യമായതു ചെയ്യണമെന്നും കോടതി നിർദേശിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

മാതാപിതാക്കൾ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുകയോ, അവർക്കതിന് സാധ്യമല്ലാത്ത നിലയിലോ ആണെങ്കിൽ സംസ്ഥാനവും ഏജൻസിയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. മെഡിക്കൽ പിന്തുണയും ന്യായമായി സാധിക്കുന്ന സൗകര്യങ്ങളും നൽകണമെന്നും കോടതി നിർദേശിച്ചു.ബോംബൈ ഹൈക്കോടതി സമാനമായ സാഹചര്യത്തിലുള്ള കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കിൽ കുഞ്ഞിന്റെ ക്ഷേമത്തിനായി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ സമയ പരിധി കഴിഞ്ഞതിനാലാണ് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഗർഭാവസ്ഥയിലാകാനും പ്രസവിക്കാനുമുള്ള മാനസികാവസ്ഥയിൽ അല്ല പെൺകുട്ടിയെന്നു ഹർജിയിൽ വ്യക്തമാക്കി. കുറ്റവാളി പിതാവാണ്. നിയമത്തിന് അറിയാവുന്ന രീതിയിൽ നിയമം അയാളെ ശിക്ഷിക്കും.കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈ കേസിൽ ഈശ്വരനെ മനസ്സിലോർത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.