കോഴിക്കോട്ടെ അപ്പോളോ ഡിമോറ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്ടെ അപ്പോളോ ഡിമോറ ഉദ്ഘാടനം ഇന്ന്

March 20, 2022 0 By Editor

Written by – Sreejith Sreedharan കോഴിക്കോട്: സമാന ബിസിനസ് ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ഡിമോറ ഹോട്ടൽസ് ആൻഡ്‌ റിസോർട്ടിന്റെ കേരളത്തിലെ രണ്ടാമത് നക്ഷത്ര ഹോട്ടൽ അപ്പോളോ ഡിമോറയുടെ ഉദ്ഘാടനം ഇന്ന് ഞായറാഴ്‌ച (20-3-2022) നടക്കും. തൊണ്ടയാട് ബൈപാസിൽ യുഎൽസിസി, സർക്കാർ സൈബർ പാർക്കുകൾക്ക് മധ്യത്തിലായിട്ടാണ് ഹോട്ടൽ. 1.75 ഏക്കർ സ്ഥലത്ത് നിർമിച്ച ഹോട്ടൽ വൈകിട്ട് ഏഴിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.

10 സ്യൂട്ട് മുറികൾ, 15 ഡീലക്‌സ് മുറികൾ, 60 സ്റ്റാൻഡേർഡ് മുറികൾ, മൂന്ന് കോൺഫറൻസ് ഹാളുകൾ, വിശാലമായ ബാൻക്വറ്റ് ഹാൾ, ബോർഡ് റൂം, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, സ്പാ, കോഫി ഷോപ്പ്, അറേബ്യൻ സ്‌പെഷാലിറ്റി റെസ്‌റ്റോറന്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത 3 വർഷത്തിനകം 2000 മുറികളുള്ള ഹോട്ടൽ ശ്രംഖലയായി ഡിമോറയെ മാറ്റിയെടുക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

മദ്യം വിളമ്പാത്ത ശാന്തമായ ഹോസ്പിറ്റാലിറ്റി സംവിധാനമാണ് ഡിമോ വിഭാവനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ഉന്നത സ്റ്റാർ ഹോട്ടലുകളിൽ പ്രവർത്തിച്ച് പരിചയമുള്ള എക്സിക്യൂട്ടീവ് ഷെഫും, ജനറൽ മാനേജറും ഹോട്ടലിന് നേതൃത്വം നൽകുന്നു. ഒരേ സമയം കോർപ്പറേറ്റ് മീറ്റിങ്ങുകളും, വിവാഹ സൽക്കാരങ്ങളും, മറ്റു ചടങ്ങുകളും നടത്താൻ പര്യാപ്തമായ സംവിധാനങ്ങളും, സൗകര്യങ്ങളും ഡിമോറയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മലയാളികളായ പ്രവാസികളുടെയും, സ്വദേശികളുടെയും നിക്ഷേപം ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പദ്ധതികൾ ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്ന് ഒ.എം.എ റഷീദ് (മാനേജിംഗ് ഡയറക്ടർ) ഈവനിംഗ് കേരള ന്യൂസിനോട് പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, എം.പി മാരായ ശ്രീ. എം.കെ രാഘവൻ, ഡോ: എം.പി അബ്ദുസ്സമദ് സമദാനി, എം.എൽ.എ മാരായ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, ഡോ:എം.കെ മുനീർ, മേയർ ഡോ ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ ശ്രീ മുസാഫർ അഹമ്മദ്, കൗൺസിലർമാരായ ശ്രീമതി കെ.സി ശോഭിത, ശ്രീ പി.കെ നാസർ, ശ്രീ എം.പി സുരേഷ്, ശ്രീമതി സുജാത കൂടത്തിങ്ങൽ, മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ശ്രീ കെ.വി ഹസീബ് അഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ തുടങ്ങിയവർ ഹോട്ടൽ ഡിമോറയിലെ വിവിധ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യും.