10 സ്ത്രീകൾക്ക് മിന്നലേറ്റു; മിന്നലേറ്റത് 9 തൊഴിലുറപ്പ് തൊഴിലാളികൾക്കും ഒരു വീട്ടമ്മയ്ക്കും; ചികിത്സയിൽ

10 സ്ത്രീകൾക്ക് മിന്നലേറ്റു; മിന്നലേറ്റത് 9 തൊഴിലുറപ്പ് തൊഴിലാളികൾക്കും ഒരു വീട്ടമ്മയ്ക്കും; ചികിത്സയിൽ

April 8, 2022 0 By Editor

തിരുവനന്തപുരം: പോത്തൻകോട് 10 സ്ത്രീകൾക്ക് മിന്നലേറ്റു. ഒരു വീട്ടമ്മയും 9 തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് മിന്നലേറ്റത്. പോത്തൻകോട് മണലകത്താണ് സംഭവം.

വീട്ടമ്മയെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അതേസമയം ഇന്ന് സംസ്ഥാനത്ത് പരക്കെ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്തു മണിവരെ ഇടിമിന്നൽ ഉണ്ടാകാനും സാധ്യത കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.