മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; പി.സി.ജോർജ്ജിനെതിരെ വീണ്ടും കേസ്
കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി.ജോർജ്ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. 153എ, 295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിലെ പരിപാടിയിൽ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കിഴക്കേക്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പി.സി.ജോർജ്ജിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പി.സി.ജോർജ്ജിന് ജാമ്യവും അനുവദിച്ചു. ഇതിനെതിരെ നൽകിയ ഹർജി ബുധനാഴ്ച മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെയും ഇതേ കേസുകൾ ചുമത്തിയാണ് പി.സി.ജോർജ്ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.