‘നാല് നായകന്മാരുടെ എല്ലും പല്ലും പൊടിയുന്നു; നാലഞ്ചെണ്ണം ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും’

‘നാല് നായകന്മാരുടെ എല്ലും പല്ലും പൊടിയുന്നു; നാലഞ്ചെണ്ണം ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും’

April 18, 2025 0 By Editor

സിനിമ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വിന്‍ സി. അലോഷ്യസ്. അതിനിടെ ലഹരി പരിശോധനയ്ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടതും വലിയ വാര്‍ത്തായിരുന്നു. വിന്‍ സിയുടെ വെളിപ്പെടുത്തലും ഷൈനിന്‍റെ സിനിമാസ്റ്റൈല്‍ എസ്കേപ്പുമാണ് ഇപ്പോള്‍ സൈബറിടത്തെ പ്രധാന ചര്‍ച്ചാവിഷയും.

സിനിമയിലെ ലഹരി ഉപയോഗത്തെ വിമര്‍ശിച്ചും വിന്‍ സിയുടെ വെളിപ്പെടുത്തലിനെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാലിപ്പോഴിതാ മലയാളസിനിമയിലെ നാല് പ്രമുഖ നായകന്മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുപറയുന്ന സംവിധായകന്‍ ശാന്തിവിള ദിനേശിന്‍റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് മലയാളസിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നടിച്ചിരിക്കുന്നത്.

വിന്‍ സിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമായി തന്നെയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും പ്രതിഫലത്തിന്‍റെ കാര്യത്തില്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളല്ല. ഷൈന്‍ ടോമിനെതിരെ പരാതിയുണ്ടെങ്കില്‍ സംഭവദിവസം തന്നെ വിന്‍ സി പരാതിപ്പെടണമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞല്ല ഇത്തരം കാര്യങ്ങള്‍ പറയേണ്ടത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടിയെടുക്കണം. പിന്നീടുളള തുറന്നുപറച്ചിലുകള്‍ ഫലം കാണുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്നത്തില്‍ നഷ്ടം വരുന്നത് വിന്‍ സിയ്ക്ക് മാത്രമായിരിക്കും. ഇനി വലിയും കുടിയുമുളളവന്‍ സെറ്റിലേക്ക് വിന്‍ സിയെ വിളിക്കില്ല.   നടിയാണ് അവര്‍. അവര്‍ക്ക് മാത്രമായിരിക്കും നഷ്ടം സംഭവിക്കാന്‍ പോകുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ലഹരി ഉപയോഗത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് ഷൈന്‍ ഓടി രക്ഷപ്പെട്ടതിനെ കുറിച്ച് ശാന്തിവിള ദിനേശിന്‍റെ പ്രതികരണം ഇങ്ങനെ..’വായില്‍ നിന്ന് വെളളപ്പൊടി വീണെന്നും പറഞ്ഞ് അയാള്‍ക്കെതിരെ കേസെടുക്കാന്‍ പറ്റില്ല. അത് ഗ്ലൂക്കോസ് തിന്നിട്ട് ചുമ വന്നപ്പോള്‍ ചുമച്ചതാണെങ്കിലോ? ഇന്നലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. ഓടുകയല്ല അവന്‍ ചത്തേനെ. ഇത് സിനിമാ സ്റ്റൈലൊന്നുമല്ല..സിനിമയിലങ്ങനെയൊന്നുമില്ല. അവന്‍ മൂന്നാമത്തെ നിലയില്‍ നിന്ന് രണ്ടാമത്തെ നിലയിലേക്ക് ചാടി. രണ്ടാമത്തെ നിലയില്‍ നിന്ന് സ്വിമ്മിങ് പൂളിന്‍റെ ഷീറ്റിന്‍റെ മുകളിലേക്ക് ചാടി. അങ്ങനെ ഓടി രക്ഷപ്പെട്ടെന്ന് പറയുന്നു. ചിലപ്പോള്‍ അവന്‍ ഓടിയത് ഈ നടിയുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവനെ അറസ്റ്റുചെയ്യാന്‍ വന്നതാണെന്ന് കരുതിയിട്ടാവാം’.

ലഹരി സിനിമയില്‍ ഇന്നും ഇന്നലെയൊന്നും ഉണ്ടായതല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ‘പണ്ടത്തെ കാലത്ത് ലഹരി ഉപയോഗിച്ചിരുന്നവരൊക്കെ ആദ്യ പരിഗണന നല്‍കിയിരുന്നത് സിനിമയ്ക്കാണ്. നല്ല സിനിമയുണ്ടാക്കണം എന്നുവിചാരിക്കുകയും സിനിമയ്ക്ക് ശേഷം ലഹരി ഉപയോഗിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. എന്നാലിന്നത്തെ കാലത്ത് ലഹരി കഴിഞ്ഞ് മതി സിനിമ എന്ന നിലപാടാണ് ആളുകള്‍ക്ക്. അതിപ്പോള്‍ നിര്‍മാതാക്കളായാലും, അഭിനോതാക്കളായാലും സംവിധാനയനായാലും അവര്‍ക്ക് ലഹരി കഴിഞ്ഞെയുളളൂ സിനിമയെന്നും ശാന്തിവിള വ്യക്തമാക്കി.