പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ: പ്രതിരോധ മേഖലയിലും കൂടുതൽ നിയമനങ്ങൾ വരുന്നു

രാജ്യത്തെ തൊഴിലന്വേഷകർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. അടുത്ത ഒന്നരവർഷത്തിൽ സർക്കാർ സർവ്വീസിൽ പത്ത് ലക്ഷം പേരെ നിയമിക്കാൻ തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. പല വകുപ്പുകളിലായിട്ടാണ് നിയമനം നടത്തുക. ഏതൊക്കെ വകുപ്പുകളിലാണ് ഒഴിവുകളുള്ളത്, ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടക്കാൻ പോകുന്നത് എന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്ത് വിടും.

എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ തീരുമാനം. 18 മാസത്തിനകം 10 ലക്ഷം തൊഴിലുകൾ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളുമായി മോദി ചർച്ച നടത്തിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്നു പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഇടപെടൽ. സർക്കാർ വകുപ്പുകളിൽ ഇപ്പോൾത്തന്നെ നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.

രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് ഏപ്രിലിൽ 7.83% ആയിരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ ഇത് 7.6% ആയിരുന്നു. നഗര മേഖലയിൽ തൊഴിലില്ലായ്മ 9.22% ആണ്. ഗ്രാമീണ മേഖലയിൽ 7.18%. മാർച്ചിൽ ഇവ യഥാക്രമം 8.28%, 7.29% എന്നിങ്ങനെ ആയിരുന്നു.

അതേസമയം കൗമാരക്കാർക്ക് ഹ്രസ്വകാല സൈനികസേവനത്തിന് അവസരമൊരുക്കുന്ന പുതിയ പദ്ധതിയും ഇന്ന് മൂന്ന് സേനാ മേധാവികളും ചേർന്ന് പ്രഖ്യാപിക്കും. ഇതിലൂടെ രാജ്യസ്‌നേഹികളായ യുവാക്കൾക്ക് മാതൃരാജ്യത്തെ സേവിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാർ.അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കൗമാരക്കാർക്ക് നാല് വർഷം സൈനികസേവനം നടത്താൻ സാധിക്കും. ഇങ്ങനെ സൈനികസേവനത്തിനെത്തുന്ന യുവാക്കൾ അഗ്നിവീരന്മാർ എന്ന പേരിലാണ് അറിയപ്പെടുക. പ്രതിരോധ സേനയുടെ ചെലവും പ്രായപരിധിയും കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഓരോ വർഷവും 50,000 ലധികം പേരെ ഇത്തരത്തിൽ നിയമിക്കും. ആറ് മാസത്തെ പരിശീലനം നൽകും. മുപ്പതിനായിരം രൂപയെങ്കിലും പ്രതിമാസ ശമ്പളമായി നൽകുമെന്നാണ് സൂചന. ടൂർ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന ഈ പദ്ധതി അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ആശയമായിരുന്നു.അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story