രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫും ! ; പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം
WAYANAD : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പഴ്‌സണൽ സ്റ്റാഫിന് പങ്കെന്ന് കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിർദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതെ സമയം രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ സംഘത്തിന് നേതൃത്വം നൽകിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പേഴ്സണൽ സ്റ്റാഫിലുള്ള അവിനാഷിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് പൊലീസിന് മേൽ സിപിഎം നേതൃത്വം സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്ന സമയത്ത് അവിഷിത്ത് അവിടെയുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് സിപിഎം പറയുന്നത്.
അതിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളിൽ രാഹുൽ വയനാട് ലോക്സഭാ മണ്ഡലത്തിലുണ്ടാകും. ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദർശനം. മുൻപേ നിശ്ചയിച്ചതാണത്.