ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകൾക്കും നേരെയുള്ള ആക്രമണം ;  ഒരു പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു

ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകൾക്കും നേരെയുള്ള ആക്രമണം ; ഒരു പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു

June 28, 2022 0 By Editor

 ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. attack-against-girl-in-train ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികൾ എന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. ഗവ. റെയിൽവേ പൊലീസിന്റെ (ജിആർപി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) എറണാകുളം, തൃശൂർ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെൺകുട്ടിയാണ്.

പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പൊലീസിൽ നിന്നു ലഭിച്ചില്ലെന്നു പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. ദലിതനായ തന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഗുരുവായൂർ എക്സ്പ്രസിൽ ശനി രാത്രിയായിരുന്നു ആക്രമണം. തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു കയറിയതായിരുന്നു തൃശൂർ കാര്യാട്ടുകര സ്വദേശികളായ പെൺകുട്ടിയും അച്ഛനും. മകളെ ഉപദ്രവിക്കുന്നതു ചോദ്യം ചെയ്ത അച്ഛനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി ഫൈസൽ എന്ന യാത്രക്കാരനെയും സംഘം ആക്രമിച്ചു. ട്രെയിനിലെ ഗാർഡിനോട് ഇടപ്പള്ളിയിൽ വച്ചു തന്നെ പരാതിപ്പെട്ടെങ്കിലും തൃശൂരിലെത്തുവോളം നടപടിയെടുത്തില്ല. ഇതിനിടെ പല സ്റ്റേഷനുകളിലായി പ്രതികൾ ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു

എന്നാൽ, പ്രതികൾ ഇറങ്ങിപ്പോയെന്നു സംശയിക്കുന്ന അങ്കമാലി, കല്ലേറ്റു‌ംകര, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിൽ സിസിടിവിയില്ല.  പ്രതികളുടെ ദൃശ്യങ്ങൾ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി കൂടി പരിശോധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ