രാജി പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ ; വിശ്വാസ വോട്ടെടുപ്പ് നാളെ

രാജി പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ ; വിശ്വാസ വോട്ടെടുപ്പ് നാളെ

June 29, 2022 0 By Editor

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവട്ടതിന് പിന്നാലെയാണ് രാജി. എംഎൽസി അംഗത്വവും രാജിവെച്ചു.

വൈകാരിക പ്രസംഗത്തിലൂടെയാണ് ഉദ്ധവ് രാജി അറിയിച്ചത്. ഒരാഴ്ചയിലേറെ നീണ്ട മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾക്ക് ഇതോടെ തിരശ്ശീല വീഴുകയാണ്. രണ്ട് വർഷവും 213 ദിവസം അധികാരത്തിൽ ഇരുന്ന ശേഷമാണ് ഉദ്ധവിന്റെ രാജി. ശിവസേനയുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉദ്ധവിന്റെ ആവശ്യം കോടതി തള്ളി. ഗവർണറുടെ നിർദ്ദേപ്രകാരം നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം തികയ്‌ക്കാൻ പോലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഉദ്ധവ് സ്വയം കസേരയൊഴിയുകയായിരുന്നു.

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും എൻസിപി നേതാവ് ശരദ് പവാറിനും പ്രസംഗത്തിൽ ഉദ്ധവ് നന്ദിയറിയിച്ചു. ശിവാജി മഹാരാജിന്റെ പാരമ്പര്യം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണത്തിലിരിക്കുമ്പോൾ ശിവസേന നിരവധി വെല്ലുവിളികൾ നേരിട്ടു. നീതിന്യായ കോടതിയെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

അപ്രതീക്ഷിതമായി അധികാരത്തിൽ വന്നയാളാണ് താൻ. സമാനമായ രീതിയിൽ തന്നെ പുറത്തിറങ്ങുകയാണ്. എന്നെന്നേയ്‌ക്കുമായി പോകുന്നില്ല. തന്നെ പിന്തുണച്ച എൻസിപിയുടെയും കോൺഗ്രസിന്റെയുംപ്രവർത്തകർക്ക് നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും താക്കറെ പറഞ്ഞു.