ഗുരുതര പിഴവോ ? പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡി. കോളജിൽ യൂറോളജി തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് : പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. തിയറ്ററിൽനിന്നും വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ ഉണ്ടായി. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു പൂപ്പൽബാധ വ്യക്തമായത്. തുടർന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. എയർകണ്ടീഷനറിൽനിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്.

രണ്ടു പേർക്കും യഥാസമയം വിദഗ്ധ ചികിത്സ നൽകിയതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നു ഡോക്ടർമാർ പറയുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാർഡിലുമാണു പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയറ്റർ താൽക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നൽകി. മൂന്നു വിഭാഗങ്ങൾക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളിൽ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കുന്ന തരത്തിലാണു ക്രമീകരണം ഏർപ്പെടുത്തിയത്.

മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു. ഇവിടെനിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റർ തുറക്കൂ.

മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി വിഭാഗത്തിൽ പൂപ്പൽ പരിശോധന നടത്തുന്ന സീനിയർ സയന്റിഫിക് അസിസ്റ്റന്റ് മേയ് 31ന് വിരമിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. താൽക്കാലികമായി ആളെ വയ്ക്കാൻ അനുമതിക്കായി മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കത്തയച്ചെങ്കിലും തുടർ നടപടിയായിട്ടില്ല.

കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് ഉൾപ്പെടെ ഉണ്ടായപ്പോൾ മൈക്കോളജിസ്റ്റിന്റെ സഹായത്തോടെ യഥാസമയം പരിശോധന നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാലാണു പലരെയും രക്ഷപ്പെടുത്താനായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story