പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; പി.സിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍
തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.