കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഫിലോമിന മരിച്ചതിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു

തൃശൂർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്‍റെ 'ഇ​ര'​യാ​യ ഫി​ലോ​മി​ന ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു. ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രിയുടെ പ്രതികരണം. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവ് ദേവസിയുടെയും കുടുംബത്തിന് അടുത്ത കാലത്ത് ആവശ്യത്തിന് പണം നല്‍കിയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

തൃ​ശൂ​ര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയാറാക്കുമെന്നും മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നലെ, ഫി​ലോ​മി​നയുടെ മൃതദേഹം പോ​സ്റ്റു​മാ​ര്‍ട്ടത്തിന് ശേഷം ആം​ബു​ല​ന്‍സി​ല്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭ​ര്‍ത്താ​വ് ദേ​വ​സി​യും മ​ക​ന്‍ ഡി​നോ​യും മറ്റ് കു​ടും​ബാം​ഗ​ങ്ങ​ളും പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫി​ലോ​മി​ന​യു​ടെ മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യും ബാ​ങ്കി​നു മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ക്കുകയും റോ​ഡ് ഉ​പ​രോ​ധി​ക്കുകയും ചെയ്തിരുന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റാ​ന്‍ പൊ​ലീ​സു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ​മ​രം തു​ട​ർ​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ആ​ര്‍.​ഡി.​ഒ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കാ​തെ സ​മ​ര​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെയാണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചത്.

Related Articles
Next Story