ബിജുവിന്റെ പേരിലെ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജം; പരാതി ലഭിച്ചിട്ടില്ല -ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണിതെന്നും തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ. ജെ.എസ്. ഷിജുഖാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

'ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു. നട്ടാൽ കുരുക്കാത്ത നുണകള്‍ സൃഷ്ടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെയുള്ളവർക്കുവേണ്ടിയാണ് റെഡ് കെയർ സെന്റർ വിഭാവനം ചെയ്തത്. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യാൻ ഡി.വൈ.എഫ്.ഐക്കല്ലാതെ ഒരു യുവജന സംഘടനക്കും കഴിയില്ല' -ഷിജുഖാൻ പറഞ്ഞു.

ബിജുവിന്റെ ഓർമക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് 'റെഡ് കെയർ സെന്ററും' ആംബുലൻസ് സർവിസും തുടങ്ങുന്നതിനായാണു ഫണ്ട് പിരിച്ചത്. സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ പാളയം ഏരിയ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നൽകിയത്. ആംബുലൻസ് വാങ്ങാനായി നീക്കിവെച്ച തുക വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് പാർട്ടി മേഖലാ കമ്മിറ്റികള്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. ഷാഹിനെതിരെയാണ് ആരോപണങ്ങൾ. കുറ്റക്കാരനെ ഒരു വിഭാഗം പാർട്ടി നേതാക്കള്‍ സംരക്ഷിക്കുന്നതായു ആക്ഷേപമുണ്ട്.

Related Articles
Next Story