ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കാർ തോട്ടിൽ പതിച്ചു: കോട്ടയത്ത് നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽ–നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.

Search Listings in MyKerala

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

കാർ 300 മീറ്റർ ഒഴുകിനീങ്ങി. കാർ കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. വാതിൽ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്ത് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. പരുക്കുകളില്ല. പിന്നീട് രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story