മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തി; പതിനാലുകാരനെ റാഞ്ചി തമിഴ്‌സംഘം
കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടഞ്ഞു; അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്. തമിഴ്നാട് സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ് സംഘം എത്തിയത്.
പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിക്കുകയായിരുന്നു .പിന്നിടു ഓട്ടോയിൽ ആഷിക്കും 2 പേരും ഉണ്ടെന്നു വിവരം കിട്ടുകയായിരുന്നു . ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.