മെഡി. കോളജ് ആക്രമണം: ഡിവൈഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോഴിക്കോട് ∙ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു ജാമ്യമില്ല. ഡിവൈഎഫ്ഐക്കാരായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗം അരുൺ ഉൾപ്പെടെയുള്ളവരാണു പ്രതികൾ.

അനുമതിയില്ലാതെ ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെയാണു സംഘമായെത്തി മർദിച്ചത്. അക്രമത്തിൽ 3 സെക്യൂരിറ്റി ജീവനക്കാരുൾപ്പെടെ 4 പേർക്ക് പരുക്കേറ്റിരുന്നു. സെക്യൂരിറ്റി ജീവനക്കാരായ കെ.എ.ശ്രീലേഷ് (56), എൻ.ദിനേശൻ (61), രവീന്ദ്ര പണിക്കർ (62) എന്നിവർക്കും മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി.ഷംസുദ്ദീനുമാണ് (48) പരുക്കേറ്റത്.

ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അരുണും ഭാര്യയും പിതാവും ആശുപത്രിയിൽ പ്രധാന കവാടത്തിലൂടെ പ്രവേശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിനേശനും രവീന്ദ്ര പണിക്കരും സുരേഷ് ബാബുവും പാസില്ലാത്ത കാരണത്താൽ പ്രവേശനം തടഞ്ഞു. സൂപ്രണ്ടിനെ കാണണമെന്നാണ് ഇവർ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടത്. അതിനായി ഒപി വഴി പോകാമെന്നു പറഞ്ഞു തിരിച്ചയച്ചെങ്കിലും ഇതിനിടയിൽ വാക്കുതർക്കം ഉണ്ടാകുകയും അരുണും കുടുംബവും ആശുപത്രിയിൽ കയറാതെ തിരിച്ചുപോവുകയുമായിരുന്നു.

അൽപസമയത്തിനു ശേഷമെത്തിയ പത്തു പേരുടെ സംഘം ദിനേശനെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. തടയാനെത്തിയ മറ്റു രണ്ടു സെക്യൂരിറ്റി ജീവനക്കാരെയും ഇവരെ രക്ഷപ്പെടുത്താൻ എത്തിയ ഒരു വയോധികനെയും മർദിച്ചു. മർദനം മൊബൈൽ ഫോണിൽ പകർത്തിയതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story