മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്ന് മന്ത്രി വി. മുരളീധരൻ

മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്ന് മന്ത്രി വി. മുരളീധരൻ

September 17, 2022 0 By Editor

ദുബൈ: മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്ന പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വെള്ളിയാഴ്ച ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ല. നര്‍മദ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം -മന്ത്രി പറഞ്ഞു. ബി.ജെ.പി അനുകൂല സംഘടനയുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മുരളീധരൻ പരാമര്‍ശം നടത്തിയത്.

വിമാനയാത്ര നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ചടങ്ങിനുശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഓരോ സീസണിലും യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കും. നിരക്ക് വര്‍ധന സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ എണ്ണം കൂട്ടും. ഇതിലൂടെ അമിതമായ നിരക്ക് വര്‍ധന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യ യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യു.എ.ഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.