പാർട്ടി തിരുത്തിയാലും ശത്രുപാളയത്തിൽ പോകില്ല : കെ.എം. ഷാജി

മസ്കത്ത്: പാർട്ടി തന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം പ്രാപിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി…

മസ്കത്ത്: പാർട്ടി തന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം പ്രാപിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം 2022'ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ കെ.എം. ഷാജിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾ തള്ളുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.

നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവ്യത്യാസവുമുണ്ടാകും. അവരാണ് ഈ ഐഡിയോളജി രൂപവത്കരിക്കേണ്ടത്. അതിന് തര്‍ക്കം എന്നാണോ പറയുക? ലീഗ് യോഗത്തിൽ കെ.എം. ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. പാർട്ടിക്കകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. വാർത്ത വന്നയുടനെ ബഹുമാനപ്പെട്ട തങ്ങളെയും നേതാക്കളെയും ഞാൻ വിളിച്ചിരുന്നു. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും നടന്നിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്. ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ, ആ കമ്മിറ്റി ഒന്നാകെ എന്നെ വിമര്‍ശിച്ചുവെന്ന് കരുതുക. അതില്‍ മനംനൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്‍റെ കൂടാരത്തിന്‍റെ ചായ്പിൽ ആവില്ല. ശത്രുവിന്റെ പാളയത്തില്‍ പോയി അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, വൈസ് പ്രസിഡന്റ്‌ എ.കെ.കെ. തങ്ങൾ, ബദർ അൽ സമ എം.ഡി അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് സാമൂഹിക സേവനങ്ങൾ നടത്തിയ വിവിധ മേഖലയിലുള്ളവരെ ആദരിക്കുകയും ചെയ്തു. കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി. മുനീർ സ്വാഗതവും ട്രഷറർ ഷാജഹാൻ തായാട്ട് നന്ദിയും പറഞ്ഞു. കെ.എം.സി.സി സീബ് പ്രസിഡന്റ്‌ എ.ടി. അബൂബക്കർ, കെ.എം.സി.സി റുസൈൽ പ്രസിഡന്റ്‌ സൈദ് ശിവപുരം, മൊബേല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്‌ അറഫാത് എന്നിവർ സംബന്ധിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story