കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം, മൂന്ന് മണിവരെ പൊതുദർശനം; സംസ്കാരം പയ്യാമ്പലത്ത്

കണ്ണൂർ: സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണന് (68) കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് നാട്. കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിൽ രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.

രാവിലെ 10 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനം ഉണ്ടാകും. ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3നു പയ്യാമ്പലത്ത് സംസ്കാരം. ആദരസൂചകമായി തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

തലശേരി ടൗൺ ഹാളിലെ പൊതുദർശനം കഴിഞ്ഞ് ഇന്നലെ രാത്രി 10നുശേഷമാണ് മൃതദേഹം കോടിയേരിയിലെ വസതിയിലെത്തിച്ചത്. 1980ൽ കോടിയേരിയുടെ വിവാഹത്തിനു വേദിയായ ടൗൺഹാൾ വികാരനിർഭര രംഗങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് ആളുകളാണു പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. രാത്രിയിലും ജനസാഗരം ടൗണ്‍ഹാളിലേക്ക് ഒഴുകി. മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻപിള്ളയും എം.എ.ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നു പ്രിയ സഖാവിനെ രക്തപതാക പുതപ്പിച്ചു. പിണറായി വിജയൻ ആദ്യത്തെ പുഷ്പചക്രം അർപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story