ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

October 30, 2022 0 By Editor

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ പാട്ടയവയൽ, കോളിമൂല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.

തോൽപ്പെട്ടിയിൽ കെട്ടിട സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറക്ക് ചെക്ക്പോസ്റ്റ് അങ്ങോട്ട് മാറ്റും.

ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി ഉൽപന്നങ്ങളുടെ കടത്ത് വർധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്. പല സ്ഥലങ്ങളിലും താൽക്കാലിക സംവിധാനങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കാണ് ഡ്യൂട്ടി. രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയും മുത്തങ്ങയിൽ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവർത്തിക്കുന്നത്.

മറ്റ് സ്ഥലങ്ങളിൽ 24 മണിക്കൂറുമാണ് പ്രവർത്തിക്കുക. അതിർത്തികളിലുള്ള വനം, എക്സൈസ് ചെക്ക് പോസ്റ്റുകൾക്ക് പുറമേയാണ് പൊലീസ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചിട്ടുള്ളത്.