'മൃതദേഹം പ്ലാസ്റ്റിക് കവറിലും കമ്പിളി പുതപ്പിലും പൊതിഞ്ഞ നിലയില്‍'; യുവതിയുടെ കൊലപാതകത്തില്‍ പ്രതിയെ നേപ്പാളില്‍ നിന്നും പിടികൂടി

കൊച്ചി: എളംകുളത്ത് യുവതിയുടെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പങ്കാളി രാംബഹദൂറിനെ നേപ്പാളില്‍ നിന്ന് പിടികൂടി. കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാംബഹദൂറിനെ നേപ്പാള്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കേരളാ പൊലീസിന് കൈമാറും. തുടര്‍ന്ന് ഇയാളെ കൊച്ചിയിലെത്തിക്കും.

കഴിഞ്ഞ 25നാണ് എളംകുളം ടാഗോര്‍ നഗറിലെ വീട്ടില്‍ ഭാഗിരഥി ഥാമിയെന്ന യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലും കമ്പിളി പുതപ്പിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ രാംബഹദൂര്‍ അന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രാംബഹദൂറിന്റെ മൂന്നാമത്തെ പങ്കാളിയാണെന്ന് യുവതിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തെറ്റായ മേല്‍വിലാസം നല്‍കിയാണ് രണ്ടുവര്‍ഷക്കാലം എളംകുളത്ത് താമസിച്ചിരുന്നത്. ലക്ഷ്മിയെന്നാണ് പേരെന്നും ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ രാജ്കുമാര്‍ ബഹദൂര്‍ മഹാരാഷ്ട്ര സ്വദേശിയാണെന്നുമായിരുന്നു യുവതി വീട്ടുടമയെ അറിയിച്ചത്. ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായതോടെ വീട്ടുടമ ഇവരോട് വീട് ഒഴിഞ്ഞുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ടുപേരെയും കാണാതായി. ഇരുവരും നാട്ടില്‍ പോയതാകുമെന്നായിരുന്നു വീട്ടുടമ കരുതിയത്. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ നല്‍കിയത് വ്യാജ മേല്‍വിലാസമാണെന്നും ഇരുവരും നേപ്പാള്‍ സ്വദേശികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഭാഗിരഥിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ നാല് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ച ശേഷമായിരിക്കും കൊലപാതകം സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story