‘കാമുകൻ വിഷം അയച്ചു കൊടുത്തു ; ഭാര്യ ഹോർലിക്സിലിട്ട് നൽകി’: പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ

പാറശാലയിൽ ഷാരോൺ രാജ് എന്ന യുവാവിന് കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ, സമീപ പ്രദേശത്തുനിന്ന് സമാനമായ പരാതിയുമായി ഒരു കെഎസ്ആർടിസി ഡ്രൈവർ. കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകിയതായി നെടുവാൻവിള അയണിമൂട് സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സുധീറാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി മാസങ്ങളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സുധീർ ആരോപിക്കുന്നു. ഷാരോൺ രാജ് വധം വൻതോതിൽ ചർച്ചയായതോടെയാണ് സുധീർ വീണ്ടും പരാതി ഉന്നയിച്ചത്.

2018 ജൂലൈയിൽ ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീർ പറയുന്നത്. പുരുഷ സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ഭാര്യ വിഷം നൽകിയതെന്നാണ് സുധീറിന്റെ പരാതി. ഭക്ഷണത്തിൽ നേരിയ അളവിൽ വിഷപദാർഥം കലർത്തി നൽകിയതോടെ പല ദിവസങ്ങളിലും അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ട് ചികിൽസ തേടേണ്ടി വന്നു. ഒന്നര വർഷം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് പാറശാല ആശുപത്രിയിലെത്തിച്ചു. സ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കിടക്കേണ്ടി വന്നതായി സുധീർ പറയുന്നു.

ശിവകാശി സ്വദേശിയായ ഭാര്യ പിണങ്ങിപ്പോയതിനുശേഷം വീട്ടിലെ അലമാരയിൽനിന്ന് വിഷവസ്തു കണ്ടെടുത്തതായാണ് പരാതി. വിഷപദാർഥം ഭാര്യയുടെ പുരുഷ സുഹൃത്ത് തമിഴ്നാട്ടിൽനിന്ന് കുറിയറായി അയച്ചതാണെന്നതിനു തെളിവുകൾ ഹാജരാക്കിയിട്ടും പൊലീസ് അന്വേഷിക്കാൻ തയാറാകുന്നില്ലെന്നും സുധീർ ആരോപിക്കുന്നു. പാറശാല പൊലീസിലാണ് ആദ്യം പരാതി നൽകിയതെന്നാണ് സുധീറിന്റെ ഭാഷ്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story