ആദിവാസികളുടെ മദ്യം തലയ്ക്കുപിടിച്ചു ! 24 കാട്ടാനകൾ ബോധം കെട്ടുറങ്ങി
ഒഡീഷ: ആദിവാസികൾ പരമ്പരാഗതമായി തയാറാക്കുന്ന മദ്യം “തലയ്ക്കുപിടിച്ച്” 24 കാട്ടാനകൾ ബോധംകെട്ടുറങ്ങി. വനംവകുപ്പ് അധികൃതരും നാട്ടുകാരും നാലു മണിക്കൂറോളം തുടർച്ചയായി ബഹളം വച്ചപ്പോൾ ഉണർന്ന ആനക്കൂട്ടം ആടിയാടി കാട്ടിലേക്കു മടങ്ങി. ഒഡീഷയിലെ ക്യോംഝർ ജില്ലയിലുള്ള ശിലിപാദ കശുമാവ് തോട്ടത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
മദ്യം തയാറാക്കുന്നതിന്റെ ആദ്യ ഘട്ടമായി വലിയ പാത്രങ്ങളിൽ നിറച്ച വെള്ളത്തിൽ മഹുവ എന്ന മരത്തിന്റെ പൂക്കൾ ഇട്ടുവച്ചിരുന്നു പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ. ഇന്നലെ രാവിലെ ഇതു നോക്കാനെത്തിയപ്പോഴാണ് ഒമ്പതു കൊമ്പനാനകളും ആറു പിടിയാനകളും ഒമ്പതു കുട്ടിയാനകളും സമീപത്ത് ഉറങ്ങുന്നതു കണ്ടത്. ശബ്ദമുണ്ടാക്കിയിട്ടും ആനകൾ അനങ്ങിയില്ല.
പാത്രങ്ങളെല്ലാം തകർന്നു കിടക്കുന്നതു കൂടി കണ്ടതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ സമയം ബഹളം വച്ചിട്ടും ആനകൾ അനങ്ങിയില്ല.
പത്തു മണിയോടെയാണ് ആനകൾ കാട്ടിലേക്കു മടങ്ങിയതെന്നു വനംവകുപ്പ് റെയ്ഞ്ചർ ഘാസിറാം പാത്ര. ആനകൾ മഹുവ പൂവിട്ട് പുളിപ്പിച്ച വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം.
ഒഡീഷയടക്കമുള്ള പ്രദേശങ്ങളിൽ ആദിവാസികൾ പരമ്പരാഗതമായി തയാറാക്കുന്ന പാനീയമാണു മഹുവ. മഹുവ മരത്തിന്റെ പൂവ് വെള്ളത്തിലിട്ടു പ്രത്യേക രീതിയിൽ പുളിപ്പിച്ചാണ് ഇതിന്റെ നിർമാണം.