മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകിയതിനെ തുടർന്നാണിത്. ഒരാഴ്ചയ്ക്കകം മദ്യ വിതരണം സുഗമമാക്കുമെന്ന് ഡിസ്റ്റിലറി അസോസിയേഷൻ അറിയിച്ചു.
മദ്യ നിർമ്മാണത്തിനാവശ്യമായ സ്പിരിറ്റിന്‍റെ വില കുത്തനെ ഉയർന്നത് ചെറുകിട മദ്യ നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ജനപ്രിയ ബ്രാൻഡുകളുടെ ഉൽപാദനം കഴിഞ്ഞ ഒരു മാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി വിലകുറഞ്ഞ ബ്രാൻഡുകളും സംസ്ഥാനത്ത് ലഭ്യമല്ല. കേരളത്തിൽ നിർമ്മിക്കുന്ന മദ്യം സംസ്ഥാനത്ത് വിൽക്കുമ്പോൾ 13 ശതമാനം വിൽപ്പന നികുതി അടയ്ക്കണം. ഇത് ഒഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇറക്കുമതി ചുങ്കം ഒഴിവാക്കണമെന്ന് പുറത്ത് നിന്നുള്ള മദ്യ കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതോടെ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി ഇക്കാര്യം ഡിസ്റ്റിലറികളെ അറിയിച്ചതോടെയാണ് മദ്യം വിതരണം ചെയ്യാനുള്ള പെർമിറ്റിന് കമ്പനികൾ അപേക്ഷ നൽകാൻ തയ്യാറായത്.