കൊച്ചി കൂട്ടബലാത്സംഗം: പ്രതികളും അക്രമത്തിനിരയായ യുവതിയും ബാറിൽ എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 4 പ്രതികളും റിമാൻഡിൽ. പ്രതികളായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി-21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഇന്നു കോടതിയെ സമീപിക്കും.

കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണു പൊലീസ്. അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണു യുവാക്കൾ. മറ്റു പ്രതികളുമായി അതിജീവിതയ്ക്കു നേരിട്ടു പരിചയമില്ലെന്നാണു നിലവിലെ കണ്ടെത്തൽ. മുൻപ്, തോക്കു കാട്ടി കൊടുങ്ങല്ലൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ 5 പ്രതികളിലൊരാളാണു നിധിൻ എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. മറ്റുള്ളവരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും.

ബിയറിൽ പൊടി കലർത്തി നൽകിയതായി സംശയമുണ്ടെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ഇതു ലഹരി വസ്തുവാണോയെന്നു സംശയിക്കുന്നതായാണു യുവതി പറഞ്ഞത്. ഇതിലും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നു പൊലീസ് പറയുന്നു. പ്രതികൾ മുൻപു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.സംഭവ സമയം പ്രതികൾ ലഹരി ഉപയോഗിച്ചെന്ന സംശയമുള്ളതിനാൽ രക്ത സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമാകും മറ്റു നടപടികൾ. ഡിജെ പാർട്ടി നടന്ന ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചു. പ്രതികൾ യുവതിയുമായി കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും നോക്കുന്നു. സുഹൃത്തുക്കളായ യുവാക്കൾക്കു വേണ്ട ഒത്താശ നൽകിയതു ഡിംപിളാണെന്ന സംശയത്തിലാണു പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച അർധരാത്രിയാണു മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാൽസംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story