പോലീസിലെ ക്രിമിനലുകളെ കുടുക്കാൻ ഡിജിപിയുടെ ‘കേരള യാത്ര’
തിരുവനന്തപുരം: പോലീസിലെ ചിലരുടെ പ്രവർത്തനങ്ങൾ സേനയ്ക്കാകെ അപമാനവും തലവേദനയുമായതിനെത്തുടർന്ന് പിടി മുറുക്കാൻ ഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. പൊലീസിന് എവിടെയാണു പിഴയ്ക്കുന്നതെന്നു നേരിട്ടറിയാനും അയഞ്ഞ…
തിരുവനന്തപുരം: പോലീസിലെ ചിലരുടെ പ്രവർത്തനങ്ങൾ സേനയ്ക്കാകെ അപമാനവും തലവേദനയുമായതിനെത്തുടർന്ന് പിടി മുറുക്കാൻ ഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. പൊലീസിന് എവിടെയാണു പിഴയ്ക്കുന്നതെന്നു നേരിട്ടറിയാനും അയഞ്ഞ…
തിരുവനന്തപുരം: പോലീസിലെ ചിലരുടെ പ്രവർത്തനങ്ങൾ സേനയ്ക്കാകെ അപമാനവും തലവേദനയുമായതിനെത്തുടർന്ന് പിടി മുറുക്കാൻ ഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. പൊലീസിന് എവിടെയാണു പിഴയ്ക്കുന്നതെന്നു നേരിട്ടറിയാനും അയഞ്ഞ സംവിധാനം മുറുക്കാനുമായി 20 പൊലീസ് ജില്ലകളിലും ഈ സംഘം സന്ദർശനം നടത്തും.
ഓരോ ജില്ലയിലും സിറ്റി, റൂറൽ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണു പ്രശ്നങ്ങൾ ചർച്ച ചെയ്യുക. എസ്ഐ മുതൽ ജില്ലാ പൊലീസ് മേധാവി വരെയുള്ളവർ ഇതിൽ പങ്കെടുക്കണമെന്നും നിർദേശിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, റേഞ്ച് ഐജി, ഡിഐജിമാർ എന്നിവരാണു ഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളത്.
എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഈ കൂടിക്കാഴ്ച നടന്നു. യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി കേസുകളെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതികളെക്കുറിച്ചും ഉൾപ്പെടെ വിശദീകരിക്കും. ഓരോ കേസിലും എടുത്ത നിലപാടുകളും നേരിട്ട വിമർശനങ്ങളും വിലയിരുത്തും. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും കളങ്കിത പട്ടികയിൽ ഉള്ളവരെയും ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഡിജിപിയുടെ സംഘത്തിന്റെ ജില്ലാ പര്യടനങ്ങൾക്കു ശേഷം ഇത്തരം ഉദ്യോഗസ്ഥരുടെ വിശദമായ പട്ടിക ആഭ്യന്തര വകുപ്പിനു നൽകും. കഴിഞ്ഞ ദിവസം 22 എസ്പിമാർക്ക് ഐപിഎസ് ലഭിച്ചു പുതിയ ചുമതലയിലേക്കു വന്നപ്പോഴും ക്രമസമാധാന ചുമതല ലഭിച്ചതു 3പേർക്കു മാത്രമാണ്. ചിലർക്കു വേണ്ടി ഉന്നതതല ശുപാർശയൊക്കെ ഉണ്ടായിരുന്നെങ്കിലും ക്രമസമാധാന ചുമതലയിലേക്കു പരിഗണിക്കേണ്ടവരുടെ മുൻഗണനാ പട്ടിക ‘മെറിറ്റ്’ മാത്രം നോക്കി നൽകാൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.