ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനയാത്ര ചെയ്യാം; ശബരിമല തീർഥാടകർക്കുള്ള വിലക്ക് നീക്കി

ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനയാത്ര ചെയ്യാം; ശബരിമല തീർഥാടകർക്കുള്ള വിലക്ക് നീക്കി

November 22, 2022 Off By Editor

ന്യൂഡൽഹി: ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള വിലക്ക് നീക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സ്ഫേറ്റിയാണ് വിലക്ക് നീക്കിയത്. ശബരിമല മകരവിളക്ക് തീർഥാടനം കഴിയും വരെയാണ് രാജ്യത്ത് ഇളവ് അനുവദിച്ചത്.

മുമ്പ് ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനയാത്ര നടത്താൻ അനുമതിയില്ലായിരുന്നു. തീർഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇളവ് അനുവദിച്ചത്. എല്ലാവിധ സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും തേങ്ങയുമായി യാത്ര അനുവദിക്കുകയെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തെ പതിനെട്ടാംപടി കയറാനാവില്ല. നേരത്തെ, ഇരുമുടി ഹാൻഡ് ബാഗേജായി അനുവദിച്ചിരുന്നെങ്കിലും വിമാനത്തിനുള്ളിൽ ഇരുമുടി അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്.

സാധാരണ വിമാന യാത്രക്കാർ ഷൂസ് സ്കാനിങ്ങിനായി ഉപയോഗിക്കുന്ന ട്രേകളിൽ ഇരുമുടിവെക്കാൻ തീർഥാടകർ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2018ൽ ബംഗളൂരു വിമാനത്താവളത്തിൽ ഇരുമുടിവെക്കാനായി പ്രത്യേക ട്രേകൾ സി.ഐ.എസ്.എഫ് തയാറാക്കിയിരുന്നു.