പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല; ചിലരെ നാലാൾ തിരിച്ചറിയുന്നത് വലിച്ചു നീട്ടി വികൃതമാക്കിയ പാട്ടിലൂടെ; തൈക്കുടം ബ്രിഡ്ജിന്  വിമർശനം

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല; ചിലരെ നാലാൾ തിരിച്ചറിയുന്നത് വലിച്ചു നീട്ടി വികൃതമാക്കിയ പാട്ടിലൂടെ; തൈക്കുടം ബ്രിഡ്ജിന് വിമർശനം

November 24, 2022 0 By Editor

ബോക്സ് ഓഫീസിൽ വൻ വിജയം സ്വന്തമാക്കിയ കാന്താര  ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമി​ഗ്. എന്നാൽ ചിത്രത്തിന്റെ ആത്മാവ് കൂടിയായ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിം​ഗിന് എത്തിയിരിക്കുന്നത്. തങ്ങളുടെ ​ഗാനം കോപ്പിയടിച്ചു എന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയെ തുടർന്നാണിത്. തൈക്കുടം ബ്രിഡ്ജിന്റെ കേസിനെതിരെ നിരവധിപേർ പ്രതികരിച്ചിരുന്നു. ഇപ്പോൾ ബാൻഡിനെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ശങ്കു.ടി.ദാസ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും തൈക്കുടം ബ്രിഡ്ജിനോട് സംഗീത ലോകം ക്ഷമിക്കില്ല എന്നാണ് ശങ്കു പറഞ്ഞത്.

‘സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവർ ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്. ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാൾ തിരിച്ചറിയുന്നത് അവർ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാൻ പോണില്ല’ എന്നാണ് ശങ്കു.ടി.ദാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവ്വമായ പിന്തുണ നൽകിയവർക്ക് നന്ദി’ എന്നാണ് തൈക്കുടം ബ്രിഡ്ജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സിനിമാ പ്രേമികൾക്കിടയിൽ നിന്നും വലിയ വിമർശനമാണ് ബാൻഡിനെതിരെ ഉയരുന്നത്.

രാഷ്‌ട്രീയത്തിന്റെ പോരിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാനാവുന്നില്ല എന്നും സംഗീതജ്ഞനെ കോടതി കയറ്റുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല എന്നും പിന്നണി ​ഗായകൻ ശ്രീനിവാസനും തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ചിരുന്നു.