കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്‍റെ നിലപാടിന്‍റെ ഭാഗം ; പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍
'ദ കാശ്മീര്‍ ഫയല്‍സി'നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് രംഗത്തെത്തിയതിന് പിന്നാലെ നദാവ് ലാപിഡിനെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ അംബാസിഡര്‍ രംഗത്ത്. മത്സരവിഭാഗത്തില്‍ കശ്‍മിര്‍ ഫയല്‍സ് കണ്ടിട്ട് അസ്വസ്‍ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് ചലച്ചിത്രോത്സവത്തിന്‍റെ സമാപന വേദിയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഒരു പ്രൊപഗൻഡ ചിത്രമായാണ് 'ദ കശ്‍മിര്‍ ഫയല്‍സ്' തോന്നിയതെന്നും നാദവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്‍റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണിന്‍റെ വിമര്‍ശനം. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചെന്നും അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണ്‍ പറഞ്ഞു. കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശം വഴി ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് അവസാനിച്ച രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തി. ഇവ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. എന്നാല്‍ പതിനഞ്ചാമത്തെ ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞങ്ങള്‍ നിരാശരായെന്നും അത് തങ്ങളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തെന്നുമായിരുന്നു നദാവ് ലാപിഡിന്‍റെ വിമര്‍ശനം. പ്രൊപഗൻഡ വള്‍ഗര്‍ സിനിമയായിട്ടാണ് കശ്മീര്‍ ഫയല്‍സിനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'.