
കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികള്‍ക്ക് സ്റ്റേ
December 6, 2022തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
‘ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനു ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിനു തെളിവില്ല.’ ഇതു കണക്കിലെടുത്താണ് തിരുവനന്തപുരം അഡിഷനൽ ജില്ലാ സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്.
ശ്രീറാം വെങ്കിട്ടരാമന് കെ.എം.ബഷീറിനെ മുന്‍പരിചയമില്ലായിരുന്നുവെന്നും അതുകൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചതെന്നും അപകടശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതി ഈ ഉത്തരവിന് സ്റ്റേ നൽകുകയായിരുന്നു.