ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ തുടങ്ങി; ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ തുടങ്ങി; ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

December 8, 2022 0 By Editor

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ രണ്ട് സംസ്ഥാനങ്ങളിലെയും ഫലമറിയാം. ഗുജറാത്തിലെ 182 സീറ്റിലേക്കും ഹിമാചൽ പ്രദേശിലെ 68 സീറ്റിലേക്കുമാണ് ജനവിധി വരേണ്ടത്. ഗുജറാത്തിൽ 64.33 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ പോ​ളി​ങ്. രണ്ടിടത്തും മെച്ചപ്പെട്ട നിലയിൽ ഭരണം നിലനിർത്താമെന്ന് ബി.ജെ.പിയും ഹിമാചൽ തിരിച്ചു പിടിക്കാമെന്ന് കോൺഗ്രസും പ്രതീക്ഷവെക്കുന്നു. ഗുജറാത്ത് നിയമസഭയിൽ ഇതാദ്യമായി അക്കൗണ്ട് തുറക്കാമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ.

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബിജെപി മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 130 സീറ്റിലും കോൺഗ്രസ് 48 സീറ്റിലും എഎപി 3 സീറ്റിലും ലീഡ് ചെയ്യുന്നു.92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം

യു.പിയിലെ മെയിൻപുരി ലോക്സഭ സീറ്റിലേക്കും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ആരംഭിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്‍റെ നിര്യാണംമൂലം ഒഴിവുവന്ന മെയിൻപുരി സീറ്റിൽ മകൻ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവാണ് സ്ഥാനാർഥി. മുലായമിന്‍റെ സഹോദരൻ ശിവ്പാൽ യാദവിന്‍റെ വിശ്വസ്തനായ രഘുരാജ് സിങ് ശാഖ്യയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 32 സീറ്റിലും കോൺഗ്രസ് 33 സീറ്റിലും ലീഡ് ചെയ്യുന്നു.  ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.