ജാഫർ അലി പിടിയിലായതോടെ പുറത്തായത് ‘ഇരട്ടവേഷം’ ; പകൽ മാന്യൻ, രാത്രി പെരുങ്കള്ളൻ

പാലക്കാട്: നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ ഞെട്ടലിലാണു നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്.

എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്.

വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്തിയാണ് ഓരോ കവര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നത്. കള്ളന്‍ കയറിയ വീടുകളില്‍ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് എത്തുമ്പോഴും നിര്‍ദേശങ്ങള്‍ നല്‍കി സജീവമാകും. കവര്‍ച്ചയ്ക്ക് കയറിയ വീട്ടിലെ കട്ടിലില്‍ ചവിട്ടിയപ്പോള്‍ സ്വര്‍ണം കിലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അങ്ങനെയാണ് രഹസ്യ അറ തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നതെന്നും തെളിവെടുപ്പിനിടെ ഇയാള്‍ സമ്മതിച്ചു. രഹസ്യ അറയുണ്ടെങ്കിലും നല്ല കള്ളനാണെങ്കില്‍ അതു കണ്ടുപിടിക്കുമെന്ന് ജാഫര്‍ അലി നാട്ടുകാരോട് നേരത്തേ തമാശയായി പറഞ്ഞത് ഇക്കാര്യം മനസ്സിലുള്ളത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തി. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിലകൂടിയ വാച്ചുകളും കട്ടെടുത്തു. ഈപണം കൊണ്ട് 27 ലക്ഷം രൂപയ്ക്ക് സ്വന്തമായി വീട് വാങ്ങി. മോടി കൂട്ടി. ആഘോഷപൂര്‍വം നാട്ടുകാരെയെല്ലാം സല്‍ക്കരിച്ച് താമസം തുടങ്ങി. പിന്നെ കാറും വാങ്ങി. പലചരക്ക് കടയിലെ സഹായിയായിരുന്ന ജാഫര്‍ അലി പെട്ടെന്ന് കടയുടെ മുതലാളിയായി. ആര്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു നീക്കം.

വിദേശത്തായിരുന്ന ജാഫര്‍ അലി മണലാരണ്യത്തില്‍ ചോര നീരാക്കി സമ്പാദിച്ച പണമെന്നാണ് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. സ്വന്തം വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള വീട്ടിലെ വലിയ കവര്‍ച്ചയില്‍ കിട്ടിയ മുതലുകളായിരുന്നു ഇയാളുടെ പ്രധാന കൈമുതല്‍. ഇത്രയും കവര്‍ച്ച നടത്തിയിട്ടും പൊലീസ് തന്നെ പിടികൂടാത്ത ധൈര്യത്തിലാണ് അടുത്ത കവര്‍ച്ചക്കായി കമ്പിപ്പാര വാങ്ങി വീടിന് സമീപം സൂക്ഷിച്ചത്.

നേരത്തെ കവര്‍ച്ചക്കായി ഉപയോഗിച്ച കമ്പിപ്പാര കല്‍പാത്തിക്ക് സമീപത്തെ കനാലില്‍ ഉപേക്ഷിച്ചു. മറ്റൊരു കവര്‍ച്ചയ്ക്കുള്ള തയാറെടുപ്പിനിടെയാണ് പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനിടെ ഓരോ വീട്ടിലും കവര്‍ച്ചക്കായി എത്തിയതും കവര്‍ച്ച നടത്തി മടങ്ങും വരെയുള്ള കാര്യങ്ങള്‍ കൃത്യമായി ജാഫര്‍ അലി പൊലീസിനോട് അഭിനയിച്ച് കാണിച്ചു.

വീടുകളില്‍ ആളില്ലാത്ത തക്കത്തില്‍ മാത്രമാണ് കവര്‍ച്ച. അങ്ങനെയാകുമ്പോള്‍ പ്രാദേശികമായി നല്ല പരിചയമുള്ളയാളാകും കവര്‍ച്ചക്കാരനെന്ന് പൊലീസ് ഉറപ്പിച്ചു. എവിടെയൊക്കെ ക്യാമറയുണ്ട്. എങ്ങനെയെല്ലാം രക്ഷപ്പെടാം എന്നതിനെക്കുറിച്ച് ധാരണയുള്ളയാള്‍. പറക്കുന്നം ഭാഗത്ത് പെട്ടെന്ന് സമ്പന്നരായവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ച് വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചു.

അങ്ങനെയാണ് സംശയമുന ജാഫര്‍ അലിയിലേക്ക് എത്തുന്നത്. മൂന്ന് മാസം പൊലീസ് കൃത്യമായി ജാഫറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്തുടര്‍ന്നു. ഇതിനിടയിലും പ്രദേശത്തെ ചില വിവരങ്ങള്‍ കൈമാറാനെന്ന മട്ടിലും നേരത്തെയുണ്ടായ കവര്‍ച്ചയില്‍ കള്ളനെ പിടികൂടണമെന്ന് പൊലീസിനെ ഓര്‍മിപ്പിച്ചും ജാഫര്‍ അലി സജീവമായി.

രാത്രിയില്‍ കള്ളനെ പിടിക്കാന്‍ കാവലിരിക്കാമെന്നു വരെ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി െപട്ടെന്ന് വീടും വസ്തുവും വാങ്ങിയതും കാറും ആഡംബര ജീവിതം നയിച്ചതുമെല്ലാം പൊലീസിന്റെ സംശയം കൂട്ടി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ യഥാര്‍ഥ കള്ളനിലേക്കെത്തിയത്. ജാഫര്‍ അലിയുടെ വിരലടയാളം നേരത്തെ കിട്ടിയ തെളിവുകളുടെ കൂട്ടത്തില്‍ യോജിക്കുകയും ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story