ഏഴ് വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിഞ്ഞ പൂച്ചയ്ക്ക് ഒടുവിൽ മോചനം

ഏഴ് വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിഞ്ഞ പൂച്ചയ്ക്ക് ഒടുവിൽ മോചനം

December 11, 2022 0 By Editor

വലയിട്ടു നോക്കിയും കൊട്ടയിട്ടിട്ടും നടന്നില്ല; ഏഴ് വര്‍ഷം പൊട്ടക്കിണറ്റില്‍ പൂച്ചയുടെ ജീവിതം; ഭക്ഷണമെത്തിച്ചത് വീട്ടുകാര്‍; ഒടുവില്‍ മോചനം

കൊടിയത്തൂർ: പൊട്ടക്കിണറ്റിൽ ഏഴ് വർഷം കഴിച്ചുകൂട്ടിയ പൂച്ചയ്ക്ക് ഒടുവിൽ മോചനം. ചേന്ദമംഗലൂർ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന ചക്കിട്ടക്കണ്ടി കണ്ടന്റെ വീട്ടിലെ പൂച്ചയാണ് പൊട്ടക്കിണറ്റിൽ ഇത്രയും വർഷം കഴിച്ചുകൂട്ടിയത്. പൂച്ചയെ തിരികെ കയറ്റിയെടുക്കാൻ കഴിയാതെ വന്നതോടെ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചാണ് പൂച്ചയെ വീട്ടുകാർ നോക്കിയത്.

നായയിൽ നിന്ന് മക്കളെ രക്ഷിക്കാൻ അമ്മ പൂച്ച ശ്രമിക്കുന്നതിന് ഇടയിലാണ് അബദ്ധത്തിൽ പറമ്പിലെ പൊട്ടക്കിണറ്റിൽ വീണത്. കണ്ടനും ഭാര്യ കൊറ്റിയും മകൻ സുനിൽ കുമാറും മരുമകളും ഉൾപ്പെട്ട കുടുംബം പൂച്ചയെ കരയ്ക്കുകയറ്റാൻ പല വഴികളിലൂടെ ശ്രമിച്ചെങ്കിലും നടന്നില്ല. വലയിട്ടു നോക്കിയും കൊട്ടയിൽ ഭക്ഷണമിട്ട് പരീക്ഷിച്ചും സ്വയം കയറിവരാൻ കമുകിൻതടി ഇറക്കികൊടുത്തുമെല്ലാം വീട്ടുകാർ പൂച്ചയെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചു. കിണറിനടിഭാഗം ഇടിഞ്ഞുണ്ടായ മൺപൊത്തിലാണ് പൂച്ച കഴിഞ്ഞിരുന്നത്.

കിണർ ഇടിയുമെന്ന ഭയം കാരണം കിണറ്റിലേക്ക് ഇറങ്ങി പൂച്ചയെ എടുക്കാനും വീട്ടുകാർക്ക് ഭയമായിരുന്നു. നിത്യവും ഭക്ഷണം കിണിറ്റിലേക്ക് ഇറക്കിനൽകിയാണ് ഇവർ പൂച്ചയെ ഇത്രനാളും നോക്കിയത്. ഈ അടുത്ത് പൂച്ചയുടെ അവസ്ഥ അറിഞ്ഞ മുക്കം സന്നദ്ധസേനാംഗങ്ങളാണ് ഒടുവിൽ രക്ഷയ്ക്കെത്തിയത്. ഇവർ കയറുകെട്ടി കിണറ്റിലിറങ്ങി പൂച്ചയെ കുടുക്കിട്ടുപിടിച്ച് കരയ്ക്കെത്തിച്ചു.