രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവര്‍ എയര്‍പോര്‍ട്ട് റോഡില്‍; അമ്പരന്ന് വീട്ടുകാര്‍, നൈറ്റ് റൈഡിനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവര്‍ എയര്‍പോര്‍ട്ട് റോഡില്‍; അമ്പരന്ന് വീട്ടുകാര്‍, നൈറ്റ് റൈഡിനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

December 21, 2022 0 By Editor

കൊച്ചി: രാത്രി സമയം  അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്.

ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയതാണെന്ന് മനസ്സിലാക്കി.

നൈറ്റ് റൈഡിങ്ങെന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു.

വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളില്‍ രൂപമാറ്റം വരുത്തിയ മോട്ടോര്‍സൈക്കിള്‍, കാറുകള്‍ എന്നിവ അമിത വേഗതയിലും അപകടകരമായും ഓടിച്ച് തത്സമയം വീഡിയോ റെക്കോര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. രാത്രി സമയത്ത് ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.