യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന പരാതി ; 'പൂജ നടത്തിയത് ഡ്രസ് ഒന്നും ഇല്ലാതെ, വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും'

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് കുറ്റപ്പുഴയിലെ…

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

പൊലീസിനെ പേടിയാണെന്നും, പൊലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. 'ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവർ പൂജ നടത്തിയത് എന്ത് പൂജയാണിത്. സിനിമയില്‍ ഗുണ്ടകളുടെ കയ്യില്‍ കാണുന്നതുപോലുള്ള വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും ഒക്കെ ഇട്ട് പൂജിച്ചു'.

'കത്തി എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെ കൊല്ലാനാണെന്ന് അമ്പിളി പറഞ്ഞു'വെന്നും യുവതി വെളിപ്പെടുത്തി. 'ഞാന്‍ തീര്‍ന്നു എന്നാണ് കരുതിയത്. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്' എന്നും യുവതി പറയുന്നു. കുറ്റപ്പുഴയിലെ വീട്ടില്‍ ഡിസംബര്‍ രണ്ടിനാണ് മന്ത്രവാദം നടന്നത്.

കുടക് സ്വദേശിനിയായ യുവതിയുടെ ദാമ്പത്യപ്രശ്‌നം പരിഹരിക്കാന്‍ പൂജയ്ക്കായാണ് കുറ്റപ്പുഴയിലെ വീട്ടിലെത്തിക്കുന്നത്. 20,000 രൂപ അമ്പിളി വാങ്ങിയിരുന്നതായും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിക്ക് പത്തനംതിട്ട എസ്പി നിര്‍ദേശം നല്‍കിയിരുന്നു.

ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് വീട് വാടകയ്‌ക്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടനിലക്കാരിയായ സ്ത്രീയും യുവതിയും തമ്മില്‍ സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ട്. അതുപ്രകാരമാണ് യുവതി ആരോപണം ഉന്നയിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story