കോവിഡ്: വിമാനത്താവളങ്ങളിൽ പരിശോധന ഇന്ന് മുതൽ, കോവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുന്നത് പരിഗണനയിൽ
ദില്ലി: കോവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ.
കോവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ഇപ്പോൾ വിമാനസർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രികളിൽ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രിൽ കേന്ദ്രം നിരീക്ഷിക്കും. എന്ത് കോവിഡ്
സാഹചര്യമുണ്ടായാലും നേരിടാൻ സജ്ജമാണെന്ന് മഹാരാഷ്ട്ര,ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു.