'ഇ.പിക്ക് അനധികൃത സമ്പാദ്യം,ആയുര്‍വേദ റിസോര്‍ട്ട്'; സിപിഎമ്മിൽ വെടിപ്പൊട്ടിച്ച് പി.ജയരാജന്‍

സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജന്‍ ആരോപിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു.

ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ സന്നിഹിതനായിരുന്നില്ല. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയൂര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരില്‍ ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. ആയൂര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് ആയൂര്‍വേദ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story