സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

December 25, 2022 0 By Editor

തൃശ്ശൂര്‍:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദാമോദരന്റെ മകനും സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ  കെ പി ശശി അന്തരിച്ചു. 64 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് കെ പി ശശി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.

കേരളത്തിന്റെ ഡോക്യുമെന്ററി മേഖലയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രശ്‌നങ്ങളാണ് അദ്ദേഹം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡെവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികള്‍.

സംവിധായകനെന്നതിലുപരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട വ്യക്തിത്വമാണ് കെ പി ശശി.

1970കളില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പഠിക്കുന്ന സമയം മുതലേ കലാപ്രവര്‍ത്തനം തുടങ്ങി. കാര്‍ട്ടൂണുകളായിരുന്നു ആദ്യം. പിന്നീട് ഡോക്യുമെന്ററികളിലേക്കും സിനിമകളിലേക്കും പതിയെ ചുവടുമാറ്റുകയായിരുന്നു.