കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി; മുഖ്യസൂത്രധാരനായ പന്ത്രണ്ടുകാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പന്ത്രണ്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കേസിൽ മുഖ്യപ്രതിയായ പന്ത്രണ്ടുകാരനാണ് കവർച്ചയുടെയും കൊലപാതകത്തിന്റെയും മുഖ്യസൂത്രധാരനെന്നും പൊലീസ് അറിയിച്ചു. പന്ത്രണ്ടുകാരനു പുറമേ കൂട്ടാളികളായ മഞ്ജേഷ്, ശിവം എന്നിവരും അറസ്റ്റിലായി.
നവംബർ 22നാണ് ഗാസിയാബാദിൽ ആക്രി വ്യാപാരിയായ ഇബ്രാഹി(60)മിനെയും ഭാര്യ ഹസ്റയേയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്റെ മൃതദേഹം വീടിനകത്തും ഭാര്യയുടേത് ഒഴിഞ്ഞ പറമ്പിലെ ടോയ്‍ലറ്റിനു സമീപവുമാണ് കണ്ടെത്തിയത്. ഇവരുടെ കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു.
ദമ്പതിമാരെ നേരത്തെ പരിചയമുള്ള പന്ത്രണ്ടു വയസ്സുകാരനാണ് കവർച്ച് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രി വിറ്റതിൽനിന്ന് ഇബ്രാഹിം ധാരാളം പണം സമ്പാദിച്ചതായി പന്ത്രണ്ടുകാരന് അറിവുണ്ടായിരുന്നു. കവർച്ചയ്ക്കായി ഇയാൾ മൂന്നു പേരെയും കൂടെക്കൂട്ടി. എന്നാൽ കവർച്ചാശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കവർച്ചയ്ക്കിടെയാണ് രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സന്ദീപ് എന്ന നാലാം പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളിൽനിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും സ്വർണമാലയും പൊലീസ് കണ്ടെടുത്തു.