പുതുവർഷത്തലേന്ന് മലയാളി കുടിച്ചത് 107.14 കോടിയുടെ മദ്യം; വിൽപനയിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് മുന്നിൽ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 95.67 കോടിയായിരുന്നു.
വിൽപ്പനയിൽ ഒരു കോടി കടന്ന് തിരുവനന്തപുരം പവർഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് റെക്കോർഡിട്ടു. ഇവിടെ 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ക്രിസ്മസ് വില്പനയിൽ ആശ്രമം ബെവ്കോ ഔട്ട്ലെറ്റ് നേടിയ ഒരു കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇതാണ് തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റ് ഇത്തവണ മറികടന്നത്. ന്യൂ ഇയർ വിൽപ്പനയിൽ രണ്ടാം സ്ഥാനം ആശ്രമം ഔട്ട്ലെറ്റിനാണ് 96.59ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വില്പന നടന്നത്. മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിനാണ്. ഇവിടെ 88.01 ലക്ഷം രൂപയുടെ വില്പനയാണുണ്ടായത്.
ഡിസംബർ 22 മുതൽ 31 വരെയുള്ള ക്രിസ്മസ് - ന്യൂ ഇയർ വിൽപ്പനയിലും ബെവ്കോ ഇത്തവണ റെക്കോർഡ് ഇട്ടു. 686.28 കോടി രൂപയുടെ മദ്യമാണ് ഈ പത്ത് ദിവസംകൊണ്ട് വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 649.30 കോടി രൂപയായിരുന്നു. 686.28 കോടിയുടെ ക്രിസ്മസ് ന്യൂ ഇയർ വിൽപ്പനയിൽ 600 കോടിയും സർക്കാരിനുള്ള ലാഭമാണ്.