'അല്‍ഫാം കഴിച്ച് ഉറങ്ങാന്‍ കിടന്നു, രാത്രി ഛര്‍ദിയും വയറിളക്കവും'; വൃക്കയെയും കരളിനെയും ബാധിച്ച് അണുബാധ, യുവതിയുടെ മരണത്തില്‍ കടുത്ത നടപടി വേണമെന്ന് കുടുംബം

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം. ഇനി ആര്‍ക്കും ഈ ഗതിക്കേട് ഉണ്ടാവരുതെന്ന് രശ്മിയുടെ പിതാവ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലേക്ക്
ഓൺലൈനായി വരുത്തിയാണ് ഭക്ഷണം കഴിച്ചത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

'രശ്മിയുടെ ചെലവിലാണ് കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന രശ്മി ഹോസ്റ്റലില്‍ താമസിക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. എവിടെ നിന്നാണ് എന്ന് അറിയില്ല. വെളുപ്പാന്‍ കാലത്ത് ഛര്‍ദ്ദി ഉണ്ടായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റാക്കി.തൈറോയിഡിന്റെ പ്രശ്‌നം ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറ്റം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇനി ആര്‍ക്കും ഈ ഗതിക്കേട് ഉണ്ടാവരുത്'- ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ.

രണ്ടു മാസം മുന്‍പ് വ്യാപക പരാതി ഉണ്ടായതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലില്‍ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യസുരക്ഷാ നടപടികള്‍ പ്രഹസനമായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. 2015-16 വര്‍ഷം മുതലാണ് പാലത്തറ സ്വദേശിനിയായ രശ്മി രാജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തിയത്. ഭക്ഷ്യസുരക്ഷാ അധികൃതര്‍ റസ്റ്റോറന്റിലെ ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം രശ്മിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story