നഴ്സിന്റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധന ഫലം
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധന ഫലം. ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കരള്‍, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ വ്യക്തതക്കായി ശരീരശ്രവങ്ങൾ രാസപരിശോധനക്ക് അയക്കുകയായിരുന്നു. ഇതിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം നഴ്സിങ് ഓഫിസറും കോട്ടയം തിരുവാർപ്പ് പത്തിത്തറ രാജുവിന്റെ മകളുമായ രശ്മി രാജ് (33) കഴിഞ്ഞ രണ്ടിനാണ് മരിച്ചത്.
ഡിസംബർ 29ന് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ അല്‍ഫാം കഴിച്ചതിനുപിന്നാലെ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നഴ്സിങ് ഹോസ്റ്റലിൽ താമസിച്ചുവന്നിരുന്ന ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. പിന്നീട് ഇവരെ ഐ.സി.യുവിലും തുടർന്ന് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും രണ്ടിന് മരിച്ചു.